ഗതാഗതക്കുരുക്കിന് പരിഹാരമായി ബഹ്റൈനിൽ 'സ്മാർട്ട് ഷെയർഡ് ട്രാൻസ്പോർട്ട്' വരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: തലസ്ഥാനത്തെ തിരക്കേറിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 'സ്മാർട്ട് ഷെയർഡ് ട്രാൻസ്പോർട്ട്' സംവിധാനം നടപ്പിലാക്കാൻ ബഹ്റൈൻ സർക്കാർ ആലോചിക്കുന്നു. സർവീസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി യോഗത്തിലാണ് ഈ നൂതന നിർദ്ദേശം ചർച്ചയായത്.
ഒരേ ദിശയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി യാത്ര പങ്കിടാൻ (Ride Sharing) സാധിക്കുന്നതാണ് ഈ പദ്ധതി. എൻജിനീയർ മുഹമ്മദ് തൗഫീഖ് അൽ അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരക്കുള്ള സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. യാത്രക്കാർക്ക് യാത്രാച്ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ഗതാഗത മന്ത്രാലയത്തിലെ നിയമ ഉപദേഷ്ടാവ് ഡോ. ഫരീദ് അൽ രാജോ, ലാൻഡ് ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പദ്ധതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
sfsdf



