ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ഉന്നതതല സംഘം പാക്കിസ്ഥാനിലെത്തി


ഷീബ വിജയൻ

ഇസ്‌ലാമാബാദ്: ആറാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുടെയും ഇറാന്റെയും ഉന്നതതല പ്രതിനിധി സംഘങ്ങൾ ചർച്ചകൾക്കായി പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തി. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഔദ്യോഗിക ചർച്ചയാണിത്. 2015-ലെ ആണവ കരാറിന് ശേഷം ആദ്യമായാണ് ഇരുവിഭാഗവും നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാകുന്നത്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെയാണ് ഇസ്‌ലാമാബാദിലെത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും യുഎസ് സംഘത്തിലുണ്ട്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറും വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തന്നെ ഇസ്‌ലാമാബാദിലെത്തിയിരുന്നു.

മേഖലയിലെ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഇരുരാജ്യങ്ങളും ക്രിയാത്മകമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. എന്നാൽ, ലബനൻ വിഷയം, ഇറാന് മേലുള്ള ഉപരോധങ്ങൾ എന്നിവയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ ചർച്ചകൾ ആരംഭിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. ഇത് സമാധാന ചർച്ചകളുടെ തുടക്കത്തിൽ തന്നെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

ലോകം ഉറ്റുനോക്കുന്ന ഈ സമാധാന ദൗത്യത്തിന് പാക്കിസ്ഥാനാണ് മധ്യസ്ഥത വഹിക്കുന്നത്. ചർച്ചകൾ വിജയിച്ചാൽ അത് പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

dssdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed