ജാമ്യമില്ല, ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജയിൽ വാസം, 14 ദിവസത്തേക്ക് റിമാൻഡ്


ഷീബ വിജയൻ

തുടർച്ചയായ മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന്റേതാണ് നടപടി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, ആരോഗ്യ പരിശോധനയ്ക്കും മറ്റ് നടപടികൾക്കും ശേഷം രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. ജയിൽ കവാടത്തിന് മുന്നിലും ആശുപത്രി പരിസരത്തും ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തി.

വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയിലാണ് നിലവിലെ അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക, കുഞ്ഞ് വേണമെന്ന് നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായപ്പോൾ ഭീഷണിപ്പെടുത്തി കൈയൊഴിയുക തുടങ്ങിയ സമാനമായ ആരോപണങ്ങളാണ് ഈ കേസിലും ഉയർന്നിട്ടുള്ളത്. ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച വൈകാരികമായ ശബ്ദസന്ദേശമാണ് അടിയന്തര അറസ്റ്റിലേക്ക് നയിച്ചത്. രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് യുവതി സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകുകയും ഇന്നലെ രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് പോലീസ് നീക്കം നടത്തിയത്. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ പോലും അറിയാതെ നടത്തിയ മിന്നൽ ഓപ്പറേഷനിൽ, അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ചോരാതിരിക്കാൻ വാഹനങ്ങൾ മാറ്റിയതടക്കമുള്ള അതീവ രഹസ്യ നീക്കങ്ങളാണ് പോലീസ് സ്വീകരിച്ചത്. മുൻപത്തെ കേസുകളിലെ പോലെ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പോലീസ് ഇത്തരത്തിൽ നീങ്ങിയത്.

രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് (Habitual Offender) പോലീസ് കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എം.എൽ.എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയുടെ ജീവന് തന്നെ പ്രതി ഭീഷണിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതിനിടെ അറസ്റ്റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുകൊണ്ടാണ് രാഹുൽ പ്രതികരിച്ചത്. തന്നെ രാഷ്ട്രീയമായി തകർക്കാൻ കഴിയില്ലെന്നും പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ തനിക്ക് അനുകൂലമാക്കാനുള്ള എല്ലാ തെളിവുകളും കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വിജയിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

article-image

adsadsadsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed