ബഹ്‌റൈനിൽ തെരുവ് കച്ചവടം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി
പ്രദീപ് പുറവങ്കര/മനാമ
മനാമ: ബഹ്‌റൈനിലെ തെരുവ് കച്ചവടത്തിനുള്ള ലൈസൻസ് സ്വദേശികളായ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വാഇൽ അൽ മുബാറക് പാർലമെന്റിനെ അറിയിച്ചു. തെരുവ് കച്ചവട മേഖലയിൽ കൂടുതൽ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തെരുവ് കച്ചവടത്തിനുള്ള ലൈസൻസുകൾ വ്യക്തിഗതമാണെന്നും അവ കൈമാറാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരാൾക്ക് ഒരു ലൈസൻസ്’ എന്ന കർശനമായ വ്യവസ്ഥയാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഒരാൾക്ക് ഒന്നിലധികം മുനിസിപ്പാലിറ്റികളിൽ അപേക്ഷ നൽകാൻ കഴിയില്ല. നിലവിൽ രാജ്യത്ത് 31 പേർക്കാണ് തെരുവ് കച്ചവടത്തിന് ലൈസൻസുള്ളത്. നിയമലംഘനത്തെത്തുടർന്ന് മുഹറഖ് മുനിസിപ്പാലിറ്റിയിൽ ഒരു ലൈസൻസ് ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സർക്കാർ ഓഫീസുകൾ, എംബസികൾ, ഹൈവേകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയ്ക്ക് സമീപം കച്ചവടം നടത്തുന്നത് നിരോധിച്ചു. സമാനമായ സാധനങ്ങൾ വിൽക്കുന്ന കടകളുടെ 500 മീറ്റർ പരിധിയിൽ കച്ചവടം അനുവദിക്കില്ല. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പാകം ചെയ്ത ഭക്ഷണം, പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കാൻ പാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും പരിസരം മലിനമാക്കുന്നതിനും വിലക്കുണ്ട്.
മൊബൈൽ ഫുഡ് ട്രക്കുകൾക്ക് ജനവാസ മേഖലകളിൽ രാവിലെ ആറ് മുതൽ അർധരാത്രി വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. ഫുഡ് ട്രക്കുകൾക്കായി സ്ഥലങ്ങൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പുതിയ പദ്ധതി മന്ത്രാലയം തയ്യാറാക്കിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
saaasd

