തദ്ദേശ തെരഞ്ഞെടുപ്പ് ജയം; മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ
ഷീബ വിജയ൯
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. വിജയാഘോഷം പങ്കുവയ്ക്കുന്നതിൻ്റെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തത്. നേരത്തെ, എം.എൽ.എക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡി.വൈ.എഫ്.ഐ.യുടെയും എൽ.ഡി.എഫിൻ്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതിനോടുള്ള പ്രതിഷേധത്തിൻ്റെ കൂടി ഭാഗമായിരുന്നു കുഴലപ്പം വിതരണം.
യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയം പ്രമാണിച്ച് ആഹ്ളാദ പ്രകടനത്തിന് ശേഷം മുവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്യുമെന്ന് കുഴൽനാടൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് യു.ഡി.എഫ്. നടത്തിയത്. കഴിഞ്ഞ തവണത്തെ 337-ൽ നിന്ന് 504 ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ്. ഭൂരിപക്ഷം നേടി. 580 ഗ്രാമ പഞ്ചായത്തുണ്ടായിരുന്ന എൽ.ഡി.എഫ്. 341-ലേക്ക് കൂപ്പുകുത്തി. 15-ൽ നിന്ന് പഞ്ചായത്തുകളുടെ എണ്ണം 26-ലേക്ക് ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലും 79 ഇടങ്ങളിൽ യു.ഡി.എഫാണ് മുന്നിൽ. എൽ.ഡി.എഫ്. കുത്തകയായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി. നേടിയപ്പോൾ, കൊല്ലം, കൊച്ചി, തൃശൂർ കോർപ്പറേഷനുകൾ യു.ഡി.എഫ്. പിടിച്ചെടുത്തു.
asas
