തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടിൽ അഞ്ചു യുദ്ധങ്ങളും ഇല്ലാതാക്കിയതായി ട്രംപ്
ഷീബ വിജയ൯
ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങളിൽ അഞ്ചെണ്ണം താൻ നേരിട്ട് ഇടപെട്ട് ഇല്ലാതാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അവകാശവാദം. ലോകരാജ്യങ്ങളിൽ നിന്ന് തീരുവകളുടെ രൂപത്തിൽ യു.എസ്. ട്രില്യൺ കണക്കിന് ഡോളർ സ്വീകരിക്കുന്നുണ്ടെന്നും, അത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
പോരാട്ടം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഉയർന്ന തീരുവ ചുമത്തുമെന്നായിരുന്നു തന്റെ ഭീഷണിയെന്നും ട്രംപ് കുറിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് തീരുവ ഭീഷണി മുഴക്കിയാണെന്ന് അദ്ദേഹം പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, പാകിസ്താനുമായുള്ള വെടിനിർത്തലിന് മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ മറുപടി നൽകിയിരുന്നു.
തന്റെ മുൻഗാമി ജോ ബൈഡനെ പരിഹസിച്ച ട്രംപ്, ഇപ്പോൾ രാജ്യത്ത് പണപ്പെരുപ്പമില്ലെന്നും ഓഹരി വിപണി എക്കാലത്തെയും വലിയ നേട്ടത്തിലാണെന്നും അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങൾ തീരുവകളാൽ അമേരിക്കയെ നശിപ്പിക്കുന്നത് ഇനി നടക്കില്ലെന്നും, തീരുവ സമ്പ്രദായം അമേരിക്കയെ ഉയർച്ചയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 നവംബർ അഞ്ചിലെ യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പും തീരുവകളുമാണ് ഇന്ന് അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തവും ധനികവും ആദരിക്കപ്പെടുന്നതുമായ രാജ്യമായി മാറാൻ പിന്നിലെ രണ്ട് കാരണങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
defsdfsdf
