ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യും


ഷീബ വിജയ൯


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ ഈ നീക്കം.

സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിൻ്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിൻ്റെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ, സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോർഡിൻ്റേത് സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അപേക്ഷ സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.

article-image

ASadsadsdsaq

You might also like

  • Straight Forward

Most Viewed