വൈഷ്ണയുടെ വോട്ട് വെട്ടൽ: ആരോപണം മേയർ ആര്യയിലേക്കും കോർപ്പറേഷൻ ഉദ്യോഗസ്ഥരിലേക്കും
ഷീബ വിജയ൯
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിയ സംഭവത്തിന് പിന്നിൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമാണെന്ന് ആരോപണം.
മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കണ്ടാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കാൻ നിർദ്ദേശം നൽകിയതെന്നാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ പ്രധാന ആരോപണം. ഇടതുപക്ഷ യൂണിയൻ നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പരാതിപ്പെട്ടു. കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, ഹിയറിംഗ് ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥ എന്നിവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്.
എന്നാൽ, ഇത് ഉദ്യോഗസ്ഥർ മാത്രം ചെയ്തതല്ലെന്നും സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. യുഡിഎഫ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെ രംഗത്തിറക്കിയതോടെ വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം ആരംഭിച്ചതാണെന്നും അവർ പറയുന്നു. അഡീഷണൽ സെക്രട്ടറി സജികുമാർ മുതൽ അന്വേഷണത്തിന് പോയ ബിൽ കളക്ടർ വരെയുള്ളവർ സി.പി.എമ്മിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
sadasdadsads
