തലക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവ് മദ്വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചു
ഷീബ വിജയ൯
വിജയവാഡ: രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനും ഏറെക്കാലമായി ഒളിവിലായിരുന്നതുമായ മാവോവാദി നേതാവ് മദ്വി ഹിദ്മയെ ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഓപറേഷനിടെയാണ് ഹിദ്മ കൊല്ലപ്പെട്ടത്. മാവോവാദികളുടെ പ്രധാന ഒളിത്താവളങ്ങളായ ആന്ധ്ര, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേന സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഈ നേട്ടം. ഈ മേഖലകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഒപ്പം മറ്റ് ആറ് മാവോവാദികളുടെ മൃതദേഹങ്ങളും സുരക്ഷാസേന കണ്ടെടുത്തു. ഏറെക്കാലമായി ഒളിവിലായിരുന്ന ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
ഇന്ത്യയിൽ 26-ഓളം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാവോവാദി നേതാവാണ് ഹിദ്മ. രാജ്യത്തെ നടുക്കിയ നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ. 2010-ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ച ആക്രമണം, 2013-ൽ ഝിറാം ഖാട്ടിയിൽ കോൺഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവൻ നഷ്ടമായ ആക്രമണം, 2021-ൽ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ട ആക്രമണം എന്നിവയടക്കം വിവിധ ഭീകരകൃത്യങ്ങൾക്ക് പിന്നിൽ ഹിദ്മയായിരുന്നു.
