എന്റെ കുടുംബ പ്രശ്നങ്ങളിൽ ആരും ഇടപെടേണ്ട, ഇത് കൈകാര്യം ചെയ്യാൻ എനിക്കറിയാം ; ലാലു പ്രസാദ് യാദവ്


ഷീബ വിജയ൯

പട്ന: രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി.) പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, സ്വന്തം കുടുംബത്തിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ആദ്യമായി പരസ്യമായി പ്രതികരിച്ചു. മുതിർന്ന ആർ.ജെ.ഡി. നേതാക്കളുടെ യോഗത്തിലാണ്, മകൻ തേജസ്വി യാദവും പെൺമക്കളും തമ്മിലുണ്ടായ കുടുംബ കലഹത്തെക്കുറിച്ച് ലാലു നിലപാട് വ്യക്തമാക്കിയത്.

"ഇത് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ്. കുടുംബാംഗങ്ങൾ തന്നെ അത് പരിഹരിക്കുകയും ചെയ്യും. എല്ലാം കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ട്. ഈ വിഷയത്തിൽ പുറത്തുനിന്ന് ആരും ഇടപെടേണ്ട," എന്നാണ് യോഗത്തിൽ ലാലു പറഞ്ഞത്. ലാലുവിൻ്റെ ഭാര്യ റാബ്റി ദേവി, മൂത്ത മകൾ മിസ ഭാരതി, തേജസ്വി യാദവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിഹാർ തിരഞ്ഞെടുപ്പിൽ തേജസ്വി കഠിനാധ്വാനം ചെയ്തെന്ന് പ്രശംസിച്ച ലാലു, പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ തേജസ്വിക്ക് മാത്രമേ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി. കനത്ത പരാജയം (243 അംഗ സഭയിൽ 25 സീറ്റ്) ഏറ്റുവാങ്ങിയതിനെ തുടർന്നാണ് ലാലുവിൻ്റെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. മകൾ രോഹിണി ആചാര്യയാണ് ആദ്യം രംഗത്തുവന്നത്. പാർട്ടി വിടുകയാണെന്നും വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ച രോഹിണി, സിംഗപ്പൂരിലേക്ക് പോവുകയും സമൂഹ മാധ്യമങ്ങളിൽ വൈകാരിക കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു.

തേജസ്വിയും രോഹിണിയും തമ്മിൽ ലാലുവിൻ്റെ പട്നയിലെ വീട്ടിൽ വെച്ച് രൂക്ഷമായ വാഗ്വാദം നടന്നുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന തേജസ്വിക്കാണ് തിരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തിൻ്റെ ഉത്തരവാദിത്തമെന്ന് രോഹിണി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ രോഷത്തിൽ തേജസ്വി, രോഹിണിയെ ചെരിപ്പൂരി അടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ലാലുവിന്റെ ഒമ്പത് മക്കളിൽ ഒരാളാണ് രോഹിണി. 2022-ൽ വൃക്കരോഗ ബാധിതനായ ലാലുവിന് സ്വന്തം വൃക്ക നൽകിയത് രോഹിണിയാണ്. രോഹിണിയുടെ പോസ്റ്റിനു പിന്നാലെ മുതിർന്ന നേതാവ് സഞ്ജയ് യാദവിനെയും തേജസ്വിയുടെ അടുത്ത സുഹൃത്തായ റമീസ് നേമത്ത് ഖാനെയും ലാലുവിന്റെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

article-image

sdasadfsadsasdsa

You might also like

  • Straight Forward

Most Viewed