“ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും”; ലാലു പ്രസാദ് യാദവും തേജസ്വിയും കുടുംബവും വോട്ട് രേഖപ്പെടുത്തി


ശാരിക

പാട്‌ന: ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആവേശത്തോടെ പുരോഗമിക്കുകയാണ്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ രാബ്‌റി ദേവി എന്നിവരും കുടുംബമായി വോട്ട് രേഖപ്പെടുത്തി.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തേജസ്വി യാദവ്, “ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും,” എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം, ലാലു പ്രസാദ് യാദവും “മാറ്റം ഉറപ്പാണ്” എന്ന നിലപാട് ആവര്‍ത്തിച്ചു. രണ്ട് മക്കളായ തേജസ്വിയ്ക്കും തേജ് പ്രതാപിനും ആശംസകള്‍ നേരുന്നതായി രാബ്‌റി ദേവിയും പ്രതികരിച്ചു. “എന്റെ രണ്ട് മക്കള്‍ക്കും എന്റെ അനുഗ്രഹം. തേജ് പ്രതാപ് തന്റെ ഇഷ്ടപ്രകാരം മത്സരിക്കുന്നു. ഞാന്‍ അവരുടെ അമ്മയാണ്. ഇരുവരും നല്ലത് ചെയ്യട്ടെ. ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യാനും അവകാശം വിനിയോഗിക്കാനും മറക്കരുത്,” രാബ്‌റി ദേവി മാധ്യമങ്ങളോട് പറഞ്ഞു.

18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 1,314 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തേജസ്വി യാദവും തേജ് പ്രതാപും ഈ ഘട്ടത്തില്‍ തന്നെ ജനവിധി തേടുന്നു. ഏകദേശം 3.75 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. പരസ്യപ്രചാരണത്തിന്റെ അവസാന ഘട്ടം പോരാട്ടത്തിന്റെ വീറും വാശിയും നിറഞ്ഞതായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ നേതാക്കളെ രംഗത്തിറക്കിയാണ് എന്‍ഡിഎ ശക്തമായ പ്രചാരണം നടത്തിയിരുന്നത്. അതേസമയം, മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും വൻ പ്രചാരണ പരിപാടികളുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും മോദിയും രാഹുലും തമ്മിലുള്ള വാക്‌പോര് ശക്തമായി പ്രത്യക്ഷപ്പെട്ടു.

മോദി തന്റെ പ്രസംഗങ്ങളില്‍ രാഹുല്‍ ഗാന്ധിയേയും തേജസ്വിയേയും നേരിട്ടു വിമര്‍ശിച്ചു. “രാഹുലും തേജസ്വിയും കോടികളുടെ അഴിമതിക്കാരാണ്. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര്‍ കറങ്ങി നടക്കുകയാണ്,” മോദി പരിഹസിച്ചു. കൂടാതെ, രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നാരോപിച്ചും മോദി വോട്ട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയും വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രചാരണം മുന്നോട്ടുകൊണ്ടുപോയത്. ഒരു ഘട്ടത്തില്‍ മോദി വ്യാജ ഡിഗ്രിക്കാരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed