കുവൈത്തിൽ കുപ്പിവെള്ളം കയറ്റുമതി നിരോധിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. രാജ്യത്തെ വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികളുടെ ഭാഗമായാണ് വാണിജ്യ−വ്യവസായ മന്ത്രാലയത്തിന്റെ നടപടി. വാണിജ്യ−വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. അതേസമയം ജല സംസ്കരണത്തിന് കുവൈത്ത് പ്രതിദിനം 3,60,000 ബാരൽ എണ്ണ ഉപയോഗിക്കുന്നതായി ജല−വൈദ്യുതി മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബുഷാഹരി അറിയിച്ചു.
ഈ സാഹചര്യം തുടർന്നാൽ 2035ൽ പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംസ്കാരം പുനഃപരിശോധിക്കാൻ സമയമായിരിക്കുന്നുവെന്ന് ബുഷാഹരി അഭിപ്രായപ്പെട്ടു. വൈദ്യുതി ഉൽപാദനത്തിനും ജല സംസ്കരണത്തിനും പ്രതിവർഷം 1200 ദശലക്ഷം ദിനാർ ആണ് ചെലവ്.
മന്ത്രാലയത്തിലെ ഇരുപതിനായിരത്തോളം ജീവനക്കാർ വെള്ളത്തിനും വൈദ്യുതിക്കും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യമറിഞ്ഞ് ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് വേനലിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഈ വർഷം വേനലിൽ വൈദ്യുതി വിതരണം പ്രശ്നരഹിതമായി നടത്താൻ മന്ത്രാലയത്തിനു സാധിച്ചു.
ജല−വൈദ്യുതി സംവിധാനങ്ങളിലെ അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതകൊണ്ടാണ് അത് സാധ്യമായത്. മന്ത്രാലയം നൽകുന്ന സേവനങ്ങൾ അറബ് ലോകത്ത് മികച്ചതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. കുവൈത്തിലെ ജലം ഗുണമേന്മയിൽ 100% മികവുള്ളതാണെന്ന അംഗീകാരവുമുണ്ട്.
വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബിൽ അടയ്ക്കുന്നതിന് മന്ത്രാലയം നടപ്പാക്കിയ നൂതന സംവിധാനത്തിന് നല്ല പ്രതികരണമാണെന്നും മുഹമ്മദ് ബുഷാഹരിപറഞ്ഞു. മീറ്ററിന്റെ പടമെടുത്ത് മൊബൈൽ വഴി നിശ്ചിത നന്പറിലേക്ക് വാട്സാപ് ചെയ്‌താൽ രണ്ടുമണിക്കൂറിനകം ബിൽ ലഭിക്കും. അപ്പോൾ തന്നെ തുക ഓൺലൈൻ വഴി അടയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.