ഗൗരി ലങ്കേഷ് വധം : കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സപ്തംബർ 22, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് സാൽമിയ കല സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എം.എം കൽബുർഗിയടക്കമുള്ളവരുടെ വധത്തിനെതിരായ സമരത്തിൽ മുൻനിര പോരാളിയായിരുന്ന ഗൗരി സപ്തംബർ 5നാണ് കൊല്ലപ്പെട്ടത്. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായും, വർഗ്ഗീയതക്കെതിരായും ശക്തമായ നിലപാടെടുത്ത മാധ്യമ പ്രവർത്തകയായിരുന്നു അവർ. ഇതിന്റെ പേരിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു.
ഇന്ത്യയിൽ മതേതര നിലപാടെടുക്കുന്ന എഴുത്തുകാർക്കെതിരെ വർഗ്ഗീയവാദികൾ ആയുധമെടുക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളേയും പ്രതിഷേധ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.