ജി.സി.സി തീവ്രവാദ പട്ടികയിലുള്ളവർക്ക് വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : ജി.സി.സി രാജ്യങ്ങൾ തയ്യാറാക്കിയിരിക്കുന്ന ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് കുവൈത്ത് അറിയിച്ചു. ചിലർക്ക് നിലവിൽ കുവൈത്തിലേക്ക് കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം കുറേ ആളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നനാണ് കുവൈത്ത് അറിയിച്ചിരിക്കുന്നത്.
ചില വിഭാഗത്തിൽപ്പെട്ട മതപണ്ധിതന്‍മാർക്ക് കുവൈത്ത് വിസ അനുവദിക്കുന്നതിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്താനും കുവൈത്ത് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇവർ രാജ്യത്ത് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇവരെ കടക്കാൻ അനുവദിക്കൂ എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
സംശയാസ്പദ ഇടപെടലുകൾ നടത്തുന്നവർക്കു രാജ്യത്തു പ്രവേശനം തടയുകയാണു ലക്ഷ്യം. ഔഖാഫ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാകും നടപടിക്രമങ്ങൾ തീരുമാനിക്കുക. ഔഖാഫ് മന്ത്രാലയം കുവൈത്തിലേക്കു ക്ഷണിക്കുന്ന മതപണ്ധിതരെ സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറണം. ഇവരെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തിയശേഷമാകും വിസ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം.
കുവൈത്തിലേക്കെത്തുന്ന മതനേതാക്കളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മതപഠന ക്ലാസ്സുകൾ, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി രാജ്യത്തെത്തുന്ന പണ്ധിതരുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കണമെന്നാണ് നിർദ്ദേശം. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇത്തരക്കാർക്ക് രാജ്യത്തേക്ക് കടക്കാൻ വിസ അനുവദിക്കുകയുള്ളൂ.
ഗൾഫിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീവ്രവാദ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളും കാരണമാണ്. ഈ സാഹചര്യത്തിലാണു കൂടുതൽ മുൻകരുതലോടെയുള്ള കുവൈത്തിന്റെ പുതിയ തീരുമാനം.