ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് പുനരാരംഭിക്കാൻ നീക്കം


കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് പുനരാരംഭിക്കാനായി താമസാനുമതികാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ ഹാജിരിയുടെ നിർദ്ദേശാനുസരണം തൊഴിൽവകുപ്പിലെയും വിദേശമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി അധികൃതരുമായി ചർച്ച ആരംഭിച്ചു. കുവൈത്ത് അധികൃതർ മുൻ‌കയ്യെടുത്തുള്ള ചർച്ചകളാണ് നടക്കുന്നത്.

ഗാർഹികത്തൊഴിലാളികൾ പീഡനത്തിന് ഇരയാകുന്നുവെന്ന പരാതി വ്യാപകമാ‍‍‍‍യ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണമെന്ന ഇന്ത്യൻ സർക്കാരിന്റെ ഉപാധിയാണ് റിക്രൂട്മെന്റ് നിലയ്ക്കാൻ കാരണമായത്. ഗ്യാരന്റി വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തേ കുവൈത്തിന്റെ നിലപാട്. എന്നാൽ, പുതിയ ചർച്ചകളിൽ, ഗ്യാരന്റി നൽകാൻ കുവൈത്തും സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.  അതേസമയം, തുക കുറയ്ക്കണമെന്ന നിർദ്ദേശം കുവൈത്ത് മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. 

ജിസിസി രാജ്യങ്ങൾക്കായി കേന്ദ്രസർക്കാർ നിർദ്ദേശിച്ചതാണ് 2500 ഡോളർ ബാങ്ക് ഗാരന്റി. അതു കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കുവൈത്തിലെ ഇന്ത്യൻ എംബസിക്കാവില്ല. കുവൈത്ത് രേഖാമൂലം ആവശ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിനു നിർദേശം കൈമാറാമെന്നും തീരുമാനം കേന്ദ്ര സർക്കാർ എടുക്കുമെന്നുമാണ് എംബസിയുടെ നിലപാട്.

റിക്രൂട്മെന്റ് സമയത്ത് കെട്ടിവയ്ക്കുന്ന ബാങ്ക് ഗ്യാരന്റി തൊഴിലാളി കരാർ റദ്ദാക്കി തിരിച്ചുപോകുന്പോൾ സ്പോൺസർക്ക് തിരികെ ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed