തേന്‍ സ്തനാര്‍ബുദം തടയുമെന്ന് പഠനം

തേന്‍ സ്തനാര്‍ബുദം തടയുമെന്ന് പഠനം. വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പത് തേന്‍ സാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചെന്നൈ ഭാരത് സര്‍വകലാശാല രസതന്ത്ര വിഭാഗത്തിൽ നടത്തിയ പഠനത്തിൽ കാന്‍സർ സെല്ലുകളുടെ വളര്‍ച്ച 39.98 ശതമാനം വരെ തടയാന്‍ തേനിന് കഴിവുണ്ടെന്നാണ് പറയുന്നത്. കറന്റ് സയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാന്‍സർ രോഗികളില്‍ തേന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോളിക് അമ്ലം കോശങ്ങള്‍ നശിക്കുന്നതിനെ സഹായിക്കുന്ന ഘടകങ്ങളുടെ വളര്‍ച്ചയെ തടയുകയാണ് ചെയ്യുന്നത്. കാര്‍ബോളിക് അമ്ലം കൂടുതലുള്ളതിനാല്‍ ഏറ ഗുണമുള്ളത് ഇന്ത്യന്‍ തേനിനാണെന്ന് ഗവേഷകര്‍ പറയുന്നു.
ഇന്ത്യക്ക് പുറമെ ആസ്‌ത്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ്, സഊദി അറേബ്യ, മലേഷ്യ, ഈജിപ്ത്, നൈജീരിയ, വിയറ്റ്‌നാം തുടങ്ങി നാല്‍പ്പത് രാജ്യങ്ങളിലെ തേന്‍ സാംപിളുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ലോകത്ത് 12 ശതമാനം സ്ത്രീകളിലും സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. ഓരോ എട്ട് സ്ത്രീകളിലും ഒരാള്‍ക്ക് സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 10 മുതല്‍ 15 ശതമാനം വരെ സ്തനാര്‍ബുദവും പാരമ്പര്യമായി ലഭിക്കുന്നതാണ്. ആധുനിക ജീവിത രീതി, വ്യായാമമില്ലായ്മ, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് സ്തനാര്‍ബുദത്തിന്റെ മറ്റുകാരണങ്ങള്‍.