എണ്ണമേഖലയിൽ പണിമുടക്ക് തുടരുന്നു

കുവൈറ്റ് : കുവൈറ്റില്‍ എണ്ണ മേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. പണിമുടക്കിയാൽ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന മന്ത്രിസഭയുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെയാണ് പണിമുടക്ക് മുന്നോട്ട് പോകുന്നത്.
ഇത് ഉത്പാദനത്തെ മോശമായി ബാധിച്ചിട്ടുണ്ട്. ദിവസേന 30 ലക്ഷം ബാരൽ എന്നത് 11 ലക്ഷമായി കുറഞ്ഞു. തിങ്കളാഴ്ച ഇത് 10 ലക്ഷമായും കുറഞ്ഞു. സ്വദേശി ജീവനക്കാര്‍ മുഴുവനും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാൽ ആവശ്യമെങ്കില്‍ വിദേശത്തുനിന്ന് കൂടുതല്‍ പേരെ കൊണ്ടുവരാൻ ആലോചിക്കുകയാണ് കമ്പനി.
പണിമുടക്ക് തുടരുന്നുവെങ്കിലും ക്രൂഡും പെട്രോളിയം ഉല്‍പങ്ങങ്ങളും തടസമില്ലാതെ കയറ്റുമതി ചെയ്യുന്നതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് ഖാലിദ് അല്‍ അസൂസി അറിയിച്ചു.
രാജ്യത്തെ മൂന്ന് റിഫൈനറികളും അടിയന്തര സാഹചര്യ പദ്ധതി പ്രകാരം 55 ശതമാനവും പ്രവര്‍ത്തിക്കുന്നു. പെട്രോള്‍ സ്‌റ്റേഷനുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്രോള്‍ പമ്പുകളില്‍ 25 ദിവസത്തേക്ക് ആവശ്യമായ ശേഖരമുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചു.
എണ്ണ വിലയിടിവിന്‍റെ പശ്ചാത്തലത്തില്‍ പൊതുചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ആനുകൂല്യം വെട്ടിക്കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയാണ് പണിമുടക്കിന് കാരണമായത്. സര്‍ക്കാര്‍ നിര്‍ദേശിച്ച ബദല്‍ പദ്ധതി ജീവനക്കാര്‍ നിരാകരിച്ചു, ഇത് പൂർണമായി റദ്ദാക്കണമെന്ന ആവശ്യവുമായാണ് പണിമുടക്ക് തുടങ്ങിയിട്ടുള്ളത്.