സുജിത കൊലക്കേസ് തെളിവെടുപ്പിനിടെ സംഘർഷം, നാട്ടുകാർ പ്രതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു

സുജിത വധക്കേസ് തെളിവെടുപ്പിനിടെ സംഘർഷം. നാട്ടുകാരും പൊലീസുമായാണ് ഏറ്റുമുട്ടിയത്. നാട്ടുകാർ പ്രതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. കൊലപാതകം നടന്ന തുവ്വൂരിലെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ വിഷ്ണു, വിഷ്ണുവിന്‍റെ അച്ഛൻ കുഞ്ഞുണ്ണി, സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിനെത്തിയത്.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽകാലിക ജീവനക്കാരിയുമായ സുജിതയെ (35) ആഗസ്റ്റ് 11നാണ് കാണാതായത്. ഭർത്താവിന്‍റെ പരാതിയിൽ കരുവാരകുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ മുഖ്യപ്രതി വിഷ്ണുവിന്‍റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്ന് തിങ്കളാഴ്ചയാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്തിലെ താൽകാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതു തിരിച്ചു ചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടാകുന്നത്. വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്ന് വിഷ്ണു മൊഴി നൽകിയിട്ടുണ്ട്. സുജിതയുടെ താലി മാല, വള, കമ്മൽ എന്നിവ വിവിധ ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളായ വിഷ്ണുവിന്റെയും സഹോദരങ്ങളുടെയും വീട്, മൃതദേഹം കുഴിച്ചിട്ട സ്ഥലം, ആഭരണങ്ങൾ വിൽപന നടത്തിയ ജ്വല്ലറികൾ തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
ASDSADSADS