ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ


കേരളത്തിന്റെ ജനനായകന് വിട. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും. ബെംഗളുരുവിലെ പൊതുദർശനത്തിന് ശേഷം പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക് പോകും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക.

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതുഅവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed