ബില്ലടച്ചില്ല; സർക്കാർ സ്‌കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

ബില്ലടയ്ക്കാത്തതിനാൽ സർക്കാർ സ്‌കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. മലപ്പുറം പറപ്പൂർ പഞ്ചായത്തിൽ മുണ്ടോത്തുപറമ്പിലെ സ്‌കൂളിലാണ് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികൾ ദുരിതത്തിലായത്. കഴിഞ്ഞ മാസത്തെ ബിൽ തുകയായി 3217 രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് അധികൃതർ നൽകിയില്ലെന്നാണ് സ്‌കൂൾ പിടിഎയുടെ വിശദീകരണം. നേരത്തെ വൈദ്യുതി ബില്ലടച്ച വകയിൽ 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ട്. ഇത്തവണ പണമില്ലാത്തതിനാലാണ് ബില്ലടയ്ക്കാത്തതെന്നും പിടിഎ അറിയിച്ചു.
അതേസമയം നേരത്തെ ബില്ലടച്ച തുക സ്‌കൂളിന് കൈമാറിയിരുന്നെന്നും വൈദ്യുതി വിച്ഛേദിച്ച സാഹചര്യം അറിയിച്ചിരുന്നില്ലെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. ആറുവർഷം മുമ്പ് സ്‌കൂളിൽ അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ടുണ്ടായ പ്രശ്‌നത്തെ തുടർന്നാണ് സ്‌കൂൾ അധികൃതരും പഞ്ചായത്തും തമ്മിലുള്ള ബന്ധം വഷളായത്. വർഷങ്ങളായി ഈ തർക്കം തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പക പോക്കുകയാണെന്ന് പിടിഎ ആരോപിച്ചു.
dhh