കാസർഗോഡ് ഭിക്ഷ യാചിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്നുപേർ അറസ്റ്റിൽ

ഭക്ഷണം കഴിക്കാൻ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്‌ള സ്വദേശി ജെ ഷൈനിത് കുമാർ(30), ഉളിയത്തുടുക്ക സ്വദേശി എൻ പ്രശാന്ത്(43), ഉപ്പള സ്വദേശി മോഷിത് ഷെട്ടി(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹായം ചോദിച്ചെത്തിയ പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് അദ്യം ലൈംഗികമായി ഉപദ്രവിച്ചത്.
പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പല ആളുകളും തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർച്ചയായ പീഡനം കാരണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിട്ട പെൺകുട്ടി, ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. തുടർന്ന് ആശുപത്രിയിലെ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.
മയക്കുമരുന്ന് നൽകിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സംഭവത്തിൽ കേസെടുത്ത കാസർഗോഡ് വനിത പൊലീസ് പറഞ്ഞു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തൃശൂർ, കാസർഗോഡ്, മംഗളൂരു, ചെർക്കള തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് അറിയിച്ചു.
wtt