ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്നതടക്കമുള്ള ബില്ലുകളിൽ നിലപാട് കടുപ്പിച്ച് സി.പി.എം. ഇന്ന് നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ . ബില്ലിൽ ഒപ്പിടാതെ ഗവർണർക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ബില്ലിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്. ഭരണഘടനപരമായി പ്രവർത്തിക്കാത്തതു കൊണ്ടാണ് ഗവർണറെ വിമർശിക്കുന്നത്. സർവകലാശാല ഭരണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാവശ്യമായി ഇടപെടുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ വിശദമാക്കി.
അതേസമയം, മന്ത്രിമാർക്കെതിരായ പാർട്ടി വിമർശനം സ്വാഭാവികമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വിമർശനം ഒഴിവാക്കിയാൽ പാർട്ടിയില്ല. മന്ത്രിമാരുടെ പരിചയക്കുറവ് രണ്ടാം സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. മന്ത്രിസഭയിൽ പൂർണമായ അഴിച്ചുപണി ഉണ്ടാകില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. കെ−റെയിലിൽ നിന്ന് സർക്കാർ പിന്നോട്ടും പോയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലേ മുന്നോട്ടുപോകാൻ കഴിയൂ. കെ−റെയിൽ കേരളത്തിന്റെ വളർച്ചയ്‍ക്ക് ആവശ്യമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇതുവരെ ഗവർണറെ വാക്കാൽ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്. രണ്ട് പ്രധാനപ്പെട്ട ബില്ലുകൾ ഉൾപ്പെടെ 12 ബില്ലുകളാണ് ഇന്ന് നിയമസഭ പാസാക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് ഗവർണർ ഒപ്പിടുമോ എന്ന് സർക്കാരിന് ആശങ്കയുള്ളത്. ലോകായുക്താ ഭേദഗതി ബില്ലും ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലുമാണിത്. വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറച്ച് സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്ന് വിമർശനമുണ്ടാകും. എന്നാൽ, സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും ബില്ലിനെ എതിർക്കും. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. കേരള സർവകലാശാല വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയെ മറികടക്കാൻ പുതിയ ഭേദഗതിക്ക് ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകുന്നുണ്ട്. ആഗസ്റ്റ് ഏഴിനായിരുന്നു ഗവർണർ കമ്മിറ്റി ഉണ്ടാക്കിയത്. ബില്ലുകൾ പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.
gxgh