മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ എടുത്ത ഫോട്ടോ വൈറലാകുന്നു


മരണവീട്ടിൽ അമ്മച്ചിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരണവീട്ടിൽ‌ ദുഃഖഭാവമില്ലാത്തതിനെ പലരും വിമർശിക്കുമ്പോൾ ചിരിച്ചുകൊണ്ട് ഒരാളെ യാത്രയാക്കുന്നതാണ് ശരിയായ രീതി എന്ന് പറഞ്ഞ് ഈ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്.

ഒരു കുടുംബത്തിന്റെ സ്വകാര്യതയിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് ഈ ചിത്രം എത്തിപ്പെട്ടപ്പോൾ അതിന് പലതരത്തിലുള്ള മാനങ്ങളാണ് ഉയരുന്നത്. ഇതിനെല്ലാം വിശദീകരണം നൽകുകയാണ് മരണപ്പെട്ട ആളുടെ കുടുംബാംഗം. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95ആം വയസ്സിൽ നിര്യാതയായത്. അവരുടെ കുടുംബാംഗങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. പരേതനായ വൈദികൻ പി.ഒ വർ‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ.

എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്.

തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പ്രാർഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങൾ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേർന്ന് പങ്കുവച്ചു. കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാൻ നേരത്താണ് ഈ ഫോട്ടോ എടുത്തത്.

ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയിൽ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയിൽ ചിലർ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാൻ കാരണം.

കഴിഞ്ഞ ഒരു വർഷമായി പൂർണമായി കിടപ്പിലായിരുന്നു. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാൾ മരിച്ചു. ബാക്കി എല്ലാവരും ചേർന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാൻ എന്തിരിക്കുന്നു? മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാൽ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയിൽ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തിൽ‍ കൂടുതൽ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതിൽ നിന്ന് എന്ത് സന്തോഷമാണ് ഇവർക്ക് കിട്ടുന്നത്?. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതിൽ സമാധാനം മരണപ്പെട്ട മറിയാമ്മയുടെ കുടുംബാംഗമായ ഡോ. ഉമ്മൻ പി സൈനാൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed