അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത−ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്. ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതിൽ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട്ട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.
ജൂണിൽ ചിറ്റൂർ ഊരിലെ ഷിജു−സുമതി ദമ്പതികളുടെ പെൺകുഞ്ഞാണ് അവസാനമായി മരണപ്പെട്ടത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് അട്ടപ്പാടിയിലെത്തി കാര്യങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും ശിശുമരണം തുടർക്കഥയാകുകയാണ്.