കെഎസ്ഇബി ജീവനക്കാർ‍ ഇന്ന് പണിമുടക്കും


കേന്ദ്ര സർക്കാരിന്‍റെ വൈദ്യുതി ഭേദഗതി തീരുമാനത്തിൽ‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാർ‍ തിങ്കളാഴ്ച പണിമുടക്കും. ഭേദഗതിയിൽ‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്‍റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ‍ കെഎസ്ഇബി ജീവനക്കാർ‍ പണിമുടക്കുന്നത്. വൈദ്യുതി ഭേദഗതി ബിൽ‍ പാർ‍ലമെന്‍റിൽ‍ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. എന്നാൽ‍ പണിമുടക്കിൽ‍ നിന്നും അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾ‍ക്ക് പ്രവർ‍ത്തനാനുമതി നൽ‍കുന്നതാണ് കേന്ദ്രത്തിന്‍റെ സുപ്രധാന ഭേദഗതി. 

ഇത് നിലവിൽ‍ വന്നാൽ‍ സ്വകാര്യ കമ്പനികൾ‍ക്ക് കേരളത്തിന്‍റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാൻ കഴിയും. ഇതോടെ ക്രോസ് സബ്‌സിഡിയും കർ‍ഷകർ‍ക്കും മറ്റുള്ളവർ‍ക്കും കുറഞ്ഞ നിരക്കിൽ‍ വൈദ്യുതി നൽ‍കുന്നതും ഇല്ലാതാകും. ഒരു മെഗാ വോൾ‍ട്ടിൽ‍ കൂടുതൽ‍ ഉപയോഗിക്കുന്ന ഉപഭോക്താകൾ‍ക്ക് ഓപ്പണ്‍ ആക്‌സിസ് വഴി വൈദ്യുതി വാങ്ങാന്‍ അനുവദിക്കുന്നത് മേഖലയെ തകർ‍ക്കുമെന്നും കരുതുന്നു. നിയമഭേദഗതിയിൽ‍ നിന്ന് പിന്മാറണമെന്ന് കേന്ദ്രത്തോട് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.

You might also like

Most Viewed