എറണാകുളം അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം ഇന്ന്


ജനാഭിമുഖ കുര്‍ബാന വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസി സമൂഹവും ഇന്ന് വിശ്വാസ സംരക്ഷണ മഹാസംഗമം നടത്തും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കലൂര്‍ സ്റ്റേഡിയത്തിലാണ് സംഗമം നടത്തുന്നത്. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാട് പ്രശ്‌നങ്ങളില്‍ നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ വഴി തിരിച്ചുനല്‍കുക, മാര്‍ ആന്റണി കരിയിലിനോട് നീതി പുലര്‍ത്തുക, സിനഡ് പിതാക്കന്മാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംഗമം നടത്തുന്നത്.

അതിരൂപതയിലെ പള്ളി ഇടവകകളിലെ വൈദികര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വൈദികര്‍ വിട്ടുനിന്നിരുന്നു. അതിരൂപത സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റം, ദൈവജനകൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസിവൈഎം, സിഎല്‍സി, സിഎംഎല്‍, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ സമ്മേളന നഗരിയില്‍ സംഗമിക്കും.

ഫാ. ജോസ് ഇടശേരി റാലി ഫഌഗ് ഓഫ് ചെയ്യും. ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപ്പുരക്കല്‍, ഡോ. കൊച്ചുറാണി എന്നിവര്‍ വിഷയാവതരണം നടത്തും. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പിപി ജറാര്‍ദ് ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടിയുള്ള പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed