വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യും


വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത്കോൺഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എസ് ശബരീനാഥന് പോലീസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ 11ന് ഹാജരാകാൻ നിർ‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ നോട്ടീസ് നൽ‍കി. പ്രതിഷേധത്തിന് നിർദേശം നൽ‍കിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ‍ ചെയ്തത്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ യൂത്ത്കോൺഗ്രസിന്‍റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിർദേശിക്കുന്നതിന്‍റെ  സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ലഭിച്ച തെളിവുകൾ‍ ശരിയെന്ന് കണ്ടാൽ‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ‍ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും. അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി‌യെടുത്തു. ഇൻഡിഗോ വിമാനത്തിൽ ജയരാജൻ മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തി. 

പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്‍റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടത്തിയത്. പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ പ്രതിഷേധക്കാരെ തള്ളി വീഴ്ത്തുകയും ചെയ്തു.

You might also like

Most Viewed