സിറ്റി സര്‍വീസിനായി വാങ്ങിയ ഇലക്ട്രിക് ബസുകള്‍ എത്തി; പ്രവര്‍ത്തനം സ്വിഫ്റ്റിന് കീഴില്‍


സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്ട്രിക് ബസ് തലസ്ഥാനത്ത് എത്തി. 25 ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ഇതില്‍ അഞ്ചെണ്ണമാണ് ഇപ്പോള്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇവ ഉടന്‍ സിറ്റി സര്‍ക്കുലറിനായി വിന്യസിക്കും. നേരത്തെ സിഎന്‍ജി ബസ് വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു വര്‍ഷത്തിനിടെ സിഎന്‍ജി വാഹനങ്ങള്‍ക്ക് ഇരട്ടിയിലധികമാണ് വില വര്‍ധിച്ചത്. ഇതോടെ ഇത്തരം വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയായിരുന്നു.

എന്നാല്‍, സിറ്റി സര്‍ക്കുലറിനായി വാങ്ങിയ ഓര്‍ഡിനറി ബസുകള്‍ സ്വിഫ്റ്റിന് കീഴിലാണ് ഉണ്ടാവുക. നിലവില്‍ കെഎസ്ആര്‍ടിക്ക് കീഴിലോടുന്ന ഓര്‍ഡിനറി സിറ്റി സര്‍വീസുകള്‍ക്ക് പകരമാണ് സ്വിഫ്റ്റിന് കീഴിലെ ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്നത്. ഇത് കെഎസ്ആര്‍ടിസിയെ അപ്രസക്തമാക്കാനുള്ള നീക്കമാണെന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം കൈകാര്യം ചെയ്യാനാണ് സ്വിഫ്റ്റ് രൂപീകരിച്ചത് എന്നായിരുന്നു സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റേയും വിശദീകരണം. കിഫ്ബി വായ്പയില്‍ വാങ്ങിയതുകൊണ്ടാണ് ഇലക്ട്രിക് ബസുകള്‍ സ്വിഫ്റ്റിന് നല്‍കിയതെന്നുമാണ് മാനേജ്‌മെന്റ് വിശദീകരണം.

You might also like

Most Viewed