വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ


ആലപ്പുഴയിൽ പിഎഫ് ഐ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു. പ്രകടനത്തിൽ കുട്ടിയെ ചുമലിലേറ്റി നടന്ന അൻസാർ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.

You might also like

Most Viewed