അതിജീവിതയുടെ ഹർ‍ജി: സർ‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി


നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർ‍പ്പിച്ച ഹർ‍ജിയിൽ‍ സർ‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിയിൽ‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വിശദീകരണം നൽ‍കണമെന്നാണ് കോടതി നിർ‍ദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നൽ‍കാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി. 

അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹർ‍ജി പിൻ‍വലിക്കണമെന്നുമാണ് സർ‍ക്കാർ‍ വാദം. ആവശ്യമെങ്കിൽ‍ വിചാരണക്കോടതിയിൽ‍ നിന്ന് റിപ്പോർ‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തിൽ‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് ഹർ‍ജി പരിഗണിച്ചത്.

നടൻ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുൾ‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമർ‍പ്പിച്ചത്. രാഷ്ട്രീയ സമ്മർ‍ദത്തിന്റെ പേരിൽ‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി പറയുന്നത്.

കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേൽ‍ രാഷ്ട്രീയ സമ്മർ‍ദ്ദമുണ്ട്. അന്തിമ റിപ്പോർ‍ട്ട് തട്ടിക്കൂട്ടി നൽ‍കാൻ നീക്കം നടക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ‍ ശ്രമിച്ചതിന് തെളിവുകൾ‍ പുറത്തുവന്നിട്ടും അന്വേഷണത്തിൽ‍ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

Most Viewed