നിമിഷ പ്രിയയുടെ അമ്മയും മകളും യെമനിലേക്ക് പോവാൻ കേന്ദ്രത്തിന്റെ അനുമതി തേടി


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി തേടി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. നിമിഷ പ്രിയയുടെ അമ്മയും മകളുമടങ്ങുന്ന സംഘമാണ് യെമനിലേക്ക് പോവാനൊരുങ്ങുന്നത്. ഇതിനായുള്ള അനുമതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ആക്ഷൻ കൗൺസിൽ.മരിച്ച തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം.

നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയും എട്ട് വയസ്സുള്ള മകളും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിലെ നാല് പേരുമാണ് അനുമതി തേടിയിരിക്കുന്നത്. ജയിലിൽ നിമിഷ പ്രിയയെ അമ്മയ്ക്കും മകൾക്കും കാണാൻ അവസരമൊരുക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നുണ്ട്. നിമിഷ പ്രിയയെ രക്ഷിക്കാൻ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുടുംബം അവസാന വട്ട ശ്രമമെന്ന നിലയിൽ യെമനിലേക്ക് പോവുന്നത്.

നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിലുള്ള ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങൾക്ക് സഹായം നൽകുമെന്നും എന്നാൽ നേരിട്ട് ഈ വിഷയത്തിൽ ഇടപെടാനില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കെവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

കേന്ദ്ര നിലപാട് കണക്കിലെടുത്ത് അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. 2017 ജൂലൈ 25 ന് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ നിമിഷ പ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിലാണ് വധ ശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷയിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ ഹർജി യെമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. വിചാരണകോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയായിരുന്നു അപ്പീൽ. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ വധശിക്ഷ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed