ദിലീപ് വ്യവസ്ഥകൾ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്നതിനിടെയാണ് നിർണായക നീക്കം.
അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതുൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടും.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറൻസിക് പരിശോധനാ ഫലങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുന്പാകെ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവവും കോടതിയിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഈ വിഷയങ്ങളിൽ പീച്ചി പൊലീസും, കാസറഗോഡ് ബേക്കൽ പൊലീസും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘം വീണ്ടും കോടതിയിൽ അറിയിക്കും.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസ് വിചാരണ തുടരുകയാണ്. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി. ഇന്ന് 11 മണിക്കാണ് ബൈജു പൗലോസ് കോടതിയിൽ ഹാജരായത്.