കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തൽ
കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ചകണ്ടെത്തിയത്.
തൂണ്‍ നിൽക്കുന്ന സ്ഥലത്ത് 10 മീറ്റർ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റർ മുകളിലാണ് പൈലിങ്. മണ്ണിനടിൽ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകൾ നിർമിക്കേണ്ടത്. പൈലിങ് പാറയിൽ എത്തിയാൽ പാറ തുരന്ന് പൈലിങ് പാറയിൽ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാർഗനിർദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.
ഒരുമാസം മുമ്പാണ് പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡിഎംആർസിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അൾട്രാ സോണിത് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. പരിശോധന ഫലം കാത്തുനിൽക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ എൽ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്.

