പാർലമെന്റിലെ സംഭാവനകൾ; എകെ ആന്റണിക്ക് ആജീവനാന്ത പുരസ്കാരം
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. ആന്റണി ഉൾപ്പെടെ എട്ടുപേരാണ് പുരസ്‌കാരത്തിന് അർഹരായത്. പാർലമെന്റിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നൽകുന്ന പുരസ്‌കാരമാണ് ലോക്മത്. എകെ ആന്റണി, ഭർത്തൃഹരി മെഹ്താബ് എന്നിവർ ആജീവനാന്ത പുരസ്‌കാരത്തിന് അർഹരായി. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയേയും തൃണമൂൽ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാർലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു.
ബിജെപി ലോക്‌സഭാംഗം ലോക്കറ്റ് ചാറ്റർജി, എൻസിപി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാർലമെന്റേറിയന്മാർ. എൻസിപി നേതാവ് ശരദ് പവാർ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേർക്ക് വീതമാണ് പ്രതിവർഷം അവാർഡുകൾ നൽകുന്നത്.

