വിവാദ ടാറ്റു സ്റ്റുഡിയോ, നടിമാർ അടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമെന്നു സൂചന

ടാറ്റു ചെയ്യുന്നതിനിടയിൽ അപമര്യാദയായി പെരുമാറിയെന്നു പരാതി വന്നു വിവാദത്തിലായ കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോ നടിമാർ അടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമെന്നു സൂചന. മലയാളത്തിലെ പ്രമുഖ നടിമാരും മോഡലുകളുമടക്കം ഇവിടെ ടാറ്റു ചെയ്യുന്നതിനായി എത്തിയിരുന്നുവെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്.
നടിമാർക്കൊപ്പം പ്രതി നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ ഉൾപ്പടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പരാതി നൽകി. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആർടിസ്റ്റ് പി.എസ്. സുജീഷിനെതിരേ അഞ്ച് കേസുകളായി. മൂന്നു കേസുകൾ പാലാരിവട്ടത്തും ഒരെണ്ണം ചേരാനല്ലൂർ േസ്റ്റഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ടാറ്റു ആർട്ടിസ്റ്റ് സുജീഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു കമ്മീഷണർ അറിയിച്ചു.
നേരത്തെ നാലു യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. സുജീഷിന്‍റെ പാലാരിവട്ടം, ചേരാനെല്ലൂർ എന്നിവിടങ്ങളിലെ ടാറ്റു സ്റ്റുഡിയോകളിൽ വച്ചു പീഡനം നേരിട്ടെന്നാണ് യുവതികൾ പോലീസിനു നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്. യുവതികളുടെ താമസസ്ഥലത്തെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുക.