കെ.ബി ഗണേഷ് കുമാറിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ

നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ. കൊല്ലം തലവൂർ ഗവണ്‍മെന്‍റ് ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാരെ എംഎൽഎ ശകാരിച്ചിരുന്നു. ഇതിനു മറുപടിയുമായി കേരള സ്‌റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്‍റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറഷനും രംഗത്തെത്തി.
40 കിടക്കകളുള്ള ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാൾ ജോലിയിൽ നിന്നും വിരമിച്ചു. എന്നാൽ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.
ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവർത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈൽ ഇളകിയതിന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അന്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവർ ചോദിക്കുന്നു.
കെട്ടിടം നിർമിച്ച് സാധനങ്ങൾ വാങ്ങിയിട്ടാൽ മാത്രം പോര. അവ പരിപാലിക്കാൻ ജീവനക്കാരില്ലെന്ന യാഥാർഥ്യം എംഎൽഎ മനസിലാക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി രൂപ മുടക്കി നിർമിച്ച ആശുപത്രികെട്ടിടം ഉദ്ഘാടനത്തിന് തയാറായിരിക്കെ ഡോക്ടർമാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎയുടെ വിമർശനം.