വിദേശത്ത് നിന്ന് പഠിച്ചിറങ്ങിയ എംബിബിഎസ് ഡോക്ടർ‍മാരെ കേരളത്തിൽ‍ ജോലിയിൽ‍ നിന്ന് ഒഴിവാക്കുന്നതായി പരാതി


വിദേശത്ത് നിന്ന് പഠിച്ചിറങ്ങിയ എംബിബിഎസ് ഡോക്ടർ‍മാരെ കേരളത്തിൽ‍ ജോലിയിൽ‍ നിന്ന് ഒഴിവാക്കുന്നതായി പരാതി. ജൂനിയർ‍ ഡോക്ടർ‍മാരുടെ ഒഴിവുമായി ബന്ധപ്പെട്ട് എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ‍ കോളേജ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവാദമായ പരാമർ‍ശമുള്ളത്. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റിയിൽ‍ നിന്ന് പഠിച്ചിറങ്ങിയവർ‍ക്ക് അവസരം എന്നാണ് പത്രക്കുറിപ്പിലുള്ളത്. ഇതുമൂലം വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടർ‍മാരുടെ ഭാവി ആശങ്കയിലായി. ഒരു ഗവണ്‍മെന്‍റ് മെഡിക്കൽ‍ കോളേജ് തന്നെ ഇത്തരം പ്രവർ‍ത്തി കാണിച്ചാൽ‍ നാളെ സ്വകാര്യ ആശുപത്രികളും ഇത് പിന്തുടരുമെന്നും ലക്ഷങ്ങൾ‍ മുടക്കി പഠിച്ച തങ്ങൾ‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നും ഡോക്ടർ‍മാർ‍ പറയുന്നു. വിദേശത്ത് പഠിച്ചശേഷം ഇന്ത്യയിലെ നിയമപ്രകാരം തുല്യതപരീക്ഷ പാസായാൽ‍ ഇന്ത്യയിൽ‍ എവിടെയും ജോലി ചെയ്യാമെന്നിരിക്കെയാണ് മെഡിക്കൽ‍ കോളജിന്‍റെ ഭാഗത്തുനിന്ന് ഇത്തരം പ്രവർ‍ത്തി. 

അതേസമയം, സർ‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇത്തരം ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും പ്രൻസിപ്പലിന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും മെഡിക്കൽ‍ കോളേജ് അധികൃതർ‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തിരുത്തുവാനോ പുതിയ പത്രക്കുറിപ്പിറക്കുവാനോ ഇവർ‍ തയാറായില്ലെന്ന് ഓൾ‍ കേരള ഫോറിൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. കോവിഡ് കാലത്ത് എല്ലാ ജനറൽ‍ ആശുപത്രികളിലും വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടർ‍മാരായിരുന്നു സേവനം ചെയ്തിരുന്നത്. മുൻ‍നിരയിൽ‍ നിന്നുകൊണ്ട് തന്നെ കോവിഡിനെതിരേ പോരാടിയവരെയാണ് ഇന്ന് ജോലിക്ക് വേണ്ടി സമീപിക്കുന്പോൾ‍ മനഃപ്പൂർ‍വം ഒഴിവാക്കുന്നത്. വിദേശത്തുനിന്ന് പഠിച്ചു കേരളത്തിൽ‍ വരുന്ന ഡോക്ടർ‍മാർ‍ രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിച്ചുള്ള പരീക്ഷകളും പാസാകുന്നുണ്ട്. എന്നിട്ടും കേരളത്തിൽ‍ ഡോക്ടർ‍മാർ‍ അവഗണനയാണ് നേരിടുന്നത്. ഡോക്ടർ‍മാർ‍ക്ക് ക്ഷാമമുള്ള ഈ സമയത്ത് പോലും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ‍ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. വിദേശത്ത് പഠിച്ച ഡോക്ടർ‍മാരോട് കാണിക്കുന്ന ഈ പക്ഷഭേദം സർ‍ക്കാർ‍ അവസാനിപ്പിക്കണമെന്നും തെറ്റായ നടപടി തീരുത്താതെ പ്രവേശനപരീക്ഷ നടത്തിയ മെഡിക്കൽ‍ കോളേജിനെതിരെ പരാതി നൽ‍കുമെന്നും ഓൾ‍ കേരള ഫോറിൻ‍ മെഡിക്കൻ‍ അസോസിയേഷൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed