കാലാവധി നീട്ടിയ പി.എസ്.സി റാങ്ക് ലിസ്റ്റുകളിലുള്ള എല്ലാവർക്കും നിയമനത്തിന് അർഹത


കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളിലുള്ള എല്ലാവർക്കും നിയമനത്തിന് അർഹതയില്ലെന്ന പി.എസ്.സിയുടെ വാദം സുപ്രീം കോടതി തള്ളി. 2016 ജൂൺ 30ന് കാലാവധി തീരാറായ വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. സർക്കാരിന്റെ ശുപാർശ പ്രകാരം 2016 ഡിസംബർ 31നും 2017 ജൂൺ 29നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ആറ് മാസം കൂടി നീട്ടി. എന്നാൽ, ആദ്യം കാലാവധി നീട്ടിയ ആദ്യ ലിസ്റ്റിലുള്ളവർക്ക് രണ്ടാമത് ലിസ്റ്റ് നീട്ടിയപ്പോഴുള്ള ആനുകൂല്യം ലഭിക്കില്ലെന്നായിരുന്നു പി.എസ്.സി തീരുമാനം. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ, നാലര വർഷം കഴിയാത്ത എല്ലാ റാങ്ക് ലിസ്റ്റിലുള്ളവർക്കും രണ്ടാമത് ലിസ്റ്റ് നീട്ടാനെടുത്ത തീരുമാനം ബാധകമാവുമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയിൽ പി.എസ്.സി നൽകിയ ഹർജിയാണ് ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 

ഇതോടെ 2017ൽ കാലാവധി രണ്ടാമതും നീട്ടാത്ത റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികളിൽ പലർക്കും നിയമനത്തിന് സാദ്ധ്യത തെളിഞ്ഞു. റാങ്ക് ലിസ്റ്റ് നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്നും അതിൽ കോടതികൾക്കോ ട്രൈബ്യൂണലിനോ ഇടപെടാൻ കഴിയില്ലെന്നുമുള്ള പി.എസ്.സിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. റാങ്ക് ലിസ്റ്റ് നീട്ടുന്നതിൽ ക്രമരഹിതമായ നടപടികൾ ഉണ്ടാകുന്പോൾ മാത്രമാണ് ട്രൈബ്യൂണലും കോടതിയും ഇടപെടുന്നത് എന്നായിരുന്നു പി.എസ്.സിയുടെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed