ആറ്റുകാൽ പൊങ്കാല നാളെ; ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്.

ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്. ഭക്തർക്ക് വീടുകളിൽ ഈ സമയത്ത് പൊങ്കാലയിടാം.പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്നും പൂജാരിരെയും നിയോഗിക്കില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.
ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാൻ സർക്കാർ ഇളവ് നൽകിയിയിരുന്നെങ്കിലും 1500 പേരെ തെരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കൊവിഡ് ലക്ഷണമുള്ളവർക്കു ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.