കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; സത്യം തുറന്നു പറഞ്ഞ് പ്രതി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പലതവണ മൊഴി മാറ്റി പോലീസിനെ വട്ടംകറക്കിയ പ്രതി നീതു ഒടുവിൽ സത്യം തുറന്നു പറഞ്ഞു. കുഞ്ഞിനെ വിൽപന നടത്തി പണമുണ്ടാക്കി സാന്പത്തിക ബാധ്യത തീർക്കാനല്ല. മറിച്ചു സുഹൃത്തിനൊപ്പം ജീവിക്കാനുള്ള സാഹചര്യമൊരുക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് ഒടുവിൽ സമ്മതിച്ചിരിക്കുന്നത്. തിരുവല്ല സ്വദേശി കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്ന നീതുവാണ് കുഞ്ഞിനെ തട്ടിയെടുത്തത്. വണ്ടിപ്പെരിയാർ 66−ാം മൈൽ വലിയതറയിൽ എസ് ശ്രീജിത്ത്− അശ്വതി ദന്പതികളുടെ പെൺകുഞ്ഞിനെ ഇന്നലെ ഉച്ചകഴിഞ്ഞു നഴ്സിന്‍റെ വേഷം ധരിച്ച് എത്തിയ നീതു തട്ടിയെടുത്തത്. നീതുവിന്‍റെ ഭർത്താവ് വിദേശത്താണ്. നീതുവിന്‍റെ സുഹൃത്ത് കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ (30)യെ പോലീസ് ഇന്നലെ തന്നെ കോട്ടയത്ത് എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയതതിൽനിന്നും ഇയാൾക്കു സംഭവവുമായി ബന്ധമില്ലന്നു പോലീസ് പറഞ്ഞു. പിടികൂടി ആദ്യം ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ വിറ്റ് സാന്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ മൊഴി കളവാണെന്നു ബോധ്യപ്പെട്ടു. സാന്പത്തികമല്ല പ്രശ്നം ഇതിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സംഭവത്തിന്‍റെ യഥാർത്ഥ വസ്തുത പുറത്തുവന്നത്. നല്ല സാന്പത്തിക നിലയിൽ ജീവിക്കുന്നയാളാണ് നീതു. ജോലിയുമായി ബന്ധപ്പെട്ടു ബാദുഷായുമായി പരിചയത്തിലായതോടെ നീതുവും ഇബ്രാഹിം ബാദുഷായും ഒരുമിച്ചാണ് കഴിയുന്നത്. ബാദുഷായിൽനിന്നു നീതു ഗർഭിണിയാവുകയും പീന്നിട് ഗർഭം അലസിപ്പോവുകയും ചെയ്തു. നാളുകൾക്കുശേഷം നീതു വീണ്ടും ഗർഭിണിയായി. ഈ വിവരം സുഹൃത്തിനോടും ഭർത്താവിനോടും പറഞ്ഞു. സുഹൃത്തിനോടു സുഹൃത്തിൽനിന്നാണ് ഗർഭിണി ആയതെന്നും ഭർത്താവിനോട് ഭർത്താവിൽനിന്നാണ് ഗർഭിണി ആയതെന്നുമാണ് പറഞ്ഞിരുന്നത്. ഭർത്താവ് ഇടയ്ക്കിടെ നാട്ടിൽ എത്തുന്ന ആളായതിനാൽ ഇക്കാര്യത്തിൽ സംശയവും തോന്നിയില്ല. സുഹൃത്തിനെ കബളിപ്പിക്കാൻ
എന്നാൽ, രണ്ടാമതും ഗർഭം അലസിപ്പോയി. ഈ വിവരം ഭർത്താവിനോടു മാത്രമേ പറഞ്ഞിരുന്നുള്ളു. സുഹൃത്തിനോടു പറഞ്ഞില്ല. പിന്നിട് ഇവർ നാളുകളായി സുഹൃത്തിനെ നേരിൽ കാണാൻ കൂട്ടാക്കിയിരുന്നില്ല. മറിച്ചു ഫോണിൽ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളു. കഴിഞ്ഞ ദിവസം പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റാണെന്നും സുഹൃത്തിനെ അറിയിച്ചിരുന്നു. ഇന്നലെ കുഞ്ഞിനെ തട്ടിയെടുത്ത ഉടൻ താൻ പ്രസവിച്ച കുഞ്ഞാണിതെന്നു കാണിച്ചു വാട്സ് ആപ്പിൽ കുട്ടിയുടെ ഫോട്ടോ സുഹൃത്തിനും ഇയാളുടെ സഹോദരിക്കും അയച്ചു കൊടുത്തിരുന്നു. ഈ കുഞ്ഞുമായി ബാദുഷയ്ക്കൊപ്പം ജീവിക്കുകയായിരുന്നു നീതുവിന്‍റെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. അതേസമയം, സുഹൃത്തിന്‍റെ വിവാഹം തടയുന്നതിനു വേണ്ടിയും ഇയാളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനു വേണ്ടിയുമാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു. നീതുവിന്‍റെ പക്കൽനിന്നു പിടിച്ചെടുത്ത രണ്ടു മൊബൈൽ ഫോണുകൾ പോലീസ് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണ്. ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിന്‍റെ നേതൃത്വത്തിലാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്കു കൈമാറിയത്. നാളുകൾ നീണ്ട ആസൂത്രണം ദീർഘ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇന്നലെ നീതു പ്രസവ വാർഡിൽനിന്നു കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിനെ തട്ടിയെടുക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ എത്തി കാര്യങ്ങൾ വീക്ഷിക്കുകയും പരിസരം നിരീക്ഷിച്ചു മടങ്ങുകയും ചെയ്തിരുന്നു. സുഹൃത്തിനോടു പറഞ്ഞിരുന്ന പ്രസവ തീയതി അടുത്തതോടെ അടുപ്പിച്ചടുപ്പിച്ചു മെഡിക്കൽ കോളേജിൽ എത്തിത്തുടങ്ങി. ഇതിനായി കഴിഞ്ഞു മൂന്നു ദിവസമായി നീതു മെഡിക്കൽ കോളേജിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. കുഞ്ഞിനു സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തിയതെന്നാണ് ഇവരോടു പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നഴ്സിംഗ് കോട്ട് ധരിച്ചു കുട്ടിയുമായി ഇവർ ആശുപത്രി വരാന്തയിലുടെ പോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ഇന്നലെ പ്രസവ വാർഡിലെത്തിയ നീതു, കുട്ടിക്കു മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ ശ്രീജിത്തിന്‍റെ അമ്മ ഉഷയുടെ കൈയിൽനിന്ന് എടുത്തു കൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ ഉഷയും അശ്വതിയും നഴ്സിംഗ്് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാൽ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ടു ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.