കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി മലപ്പുറം എസ്.പി


മലപ്പുറം കൊട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് മലപ്പുറം എസ് പി എസ് സുജിത്ത് ദാസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രദേശവാസി രംഗത്തെത്തി. അര്‍ദ്ധനഗ്നയായിട്ടാണ് പെണ്‍കുട്ടി അഭയം തേടിയത്. ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റി, കൈകള്‍ കെട്ടിയിരുന്നു. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. വെളുത്ത് തടിച്ച്‌ മീശയും താടിയുമില്ലാത്ത ആളാണ് പ്രതി. അയാളെ താന്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നും പ്രദേശവാസി കൂട്ടിച്ചേര്‍ത്തു. ബലാൽസംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.
പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed