പേമാരി; കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായതായി കേരള സർ‍ക്കാർ‍


തിരുവനന്തപുരം:‍ തീവ്രമഴ പ്രവചിക്കുന്നതിൽ‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായതായി സംസ്ഥാന സർ‍ക്കാർ‍. കോട്ടയത്ത് ദുരന്ത സമയത്ത് കേന്ദ്രം നൽ‍കിയത് ഗ്രീൻ‍ അലേർ‍ട്ട് മാത്രമാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽ‍കുകയായിരുന്നു റവന്യുമന്ത്രി.

മഴക്കെടുതി നേരിടുന്നതിൽ‍ സർ‍ക്കാർ‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽ‍കിയത്. തുടർ‍ച്ചയായി പെയ്ത കനത്ത മഴ രക്ഷാപ്രവർ‍ത്തനത്തിന് തടസമായെന്നും സംസ്ഥാനത്ത് മഴക്കെടുതിയിൽ‍ മരിച്ചവരുടെ എണ്ണം 55 ആയെന്നും റവന്യുമന്ത്രി നിയമസഭയെ അറിയിച്ചു. കാലാവസ്ഥാ പ്രവചനത്തിൽ‍ കേന്ദ്രത്തിന്റെ അറിയിപ്പാണ് സംസ്ഥാനം കണക്കിലെടുക്കുന്നതെന്നും അതവഗണിച്ചുകൊണ്ട് സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബർ‍ 16ന് രാവിലെ 10വരെ സംസ്ഥാനത്തിന് ലഭിച്ചിരുന്നത് സാധാരണ മഴ മുന്നറിയിപ്പ് മാത്രമായിരുന്നു. റെഡ് അലേർ‍ട്ട് ഒരിടത്തും നൽ‍കിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ−നാവിക സേന ഹെലികോപ്റ്ററുകൾ‍ക്ക് എത്താനായില്ലെന്നും റവന്യുമന്ത്രി മറുപടി നൽ‍കി.

2018ലെ പ്രളയത്തിനുശേഷം സംസ്ഥാന സർ‍ക്കാർ‍ അതിന്റെ പാഠങ്ങൾ‍ ഉൾ‍ക്കൊണ്ടുകൊണ്ട് ഇത്തവണ നടപടികൾ‍ സ്വീകരിച്ചില്ല, ഇക്കാര്യത്തിൽ‍ സർ‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായതായി പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാന പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമെല്ലാം രക്ഷാപ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടുകയും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇടപെടൽ‍ നടത്തി. പക്ഷേ സർ‍ക്കാർ‍ ഇക്കാര്യങ്ങളിൽ‍ തികഞ്ഞ പരാജയമായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽ‍കിയ തിരുവഞ്ചൂർ‍ രാധാകൃഷ്ണൻ പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റിയുടെ തലവനെ വിദേശത്ത് ഊരുചുറ്റാൻ‍ അനുവദിച്ചിരിക്കുകയാണ്. പ്രളയമേഖലാ മാപ്പിങ് സംസ്ഥാന സർ‍ക്കാർ‍ ഇതുവരെ നടത്തിയിട്ടില്ല. കുസാറ്റിന്റെ മുന്നറിയിപ്പും കണക്കിലെടുത്തില്ല. പന്തം കണ്ട പെരുച്ചാഴിയെ പോലെ സർ‍ക്കാർ‍ ഉദ്യോഗസ്ഥർ‍ നോക്കിനിൽ‍ക്കുന്ന സാഹചര്യമാണ് ദുരന്ത മേഖയിലുണ്ടായതെന്നും തിരുവഞ്ചൂർ‍ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed