പ്ലസ് വൺ പ്രവേശനം; ഏഴ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ കൂട്ടും

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ ഒടുവിൽ നടപടിയുമായി സംസ്ഥാന സർക്കാർ. സീറ്റ് കുറഞ്ഞയിടങ്ങളിൽ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മലപ്പുറമടക്കം ഏഴ് ജില്ലകളിലാണ് സീറ്റുകൾ കൂട്ടൂക. സർക്കാർ സീറ്റുകളിൽ 10 മുതൽ 20 ശതമാനം വരെ സീറ്റ് കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 50 താലൂക്കുകളിൽ സീറ്റ് കുറവുണ്ടായിട്ടുള്ളത്. ഈ താലൂക്കുകളിലാണ് സീറ്റ് കൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയും സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തും. സയൻസിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മുഴുവൻ എ പ്ലസ് കിട്ടിയിട്ടും പ്രവേശനമില്ലാതെ 5812 വിദ്യാർഥികളാണ് ഉള്ളതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം പ്ലസ് വൺ നടപടിക്രമങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കൊണ്ടും പ്രശ്നം പരിഹരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.