കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്


കോഴിക്കോട്: അനധികൃത സ്വത്ത് സന്പാദന കേസിൽ‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്. അന്വേഷണ സംഘത്തിനു മുന്നിൽ‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നൽ‍കുമെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്തപ്പോൾ‍ ലഭിച്ച മൊഴികളും ഷാജി സമർ‍പ്പിച്ച രേഖകളും തമ്മിൽ‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ. സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഷാജിയെ ഇനി വിജിലൻസ് ചോദ്യം ചെയ്യുന്നത്. എംഎൽ‍എയായിരിക്കെ കണ്ണൂർ‍ അഴീക്കോട്ടെ സ്‌കൂളിന് പ്ലസ്ടു അനുവദിച്ച് കിട്ടാൻ ഷാജി സ്‌കൂൾ‍ മാനേജ്മെന്‍റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. 

തുടർ‍ന്ന് വരവിൽ‍ കവിഞ്ഞ സ്വത്ത് സന്പാദിച്ചതായി കണ്ടെത്തി. അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാർ‍ത്ഥിയായിരുന്ന ഷാജിയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർ‍ന്നുള്ള ചോദ്യം ചെയ്യലിൽ‍ പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു പറഞ്ഞ ഷാജി, യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ തീരുമാനിച്ച യോഗത്തിന്‍റെ മിനുട്‌സും പണം വാങ്ങിയ രതീസും കൗണ്ടർ‍ ഫോയിലുകളും വിജിലൻസിന് കൈമാറിയിരുന്നു. കോഴിക്കോട്, കണ്ണൂർ‍, വയനാട് ജില്ലകളിലെ സ്വത്തുവഹകളുടെയും കൃഷി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ രേഖകളും കൈമാറി. ഈ രേഖകളിലാണ് അവ്യക്തത നിലനിൽ‍ക്കുന്നതെന്ന് വിജിലൻസ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed