വീരപ്പൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത്; മരം മുറി വിവാദത്തിൽ പ്രതികരിച്ച് കെ. സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിലെ മരം മുറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചർച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രൻ ഡൽഹിയിൽ ചോദിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരില്ലെന്ന് കരുതി സർക്കാർ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണം.
രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്‍റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്. കാനം പൊതു സമൂഹത്തിന് മുന്നിൽവന്ന് തുറന്നു പറയണം. പരിസ്ഥിതി സംരക്ഷണ വാദിയായ ബിനോയ് വിശ്വവും മറുപടി പറയണം. കാൽകോടി കൈകൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞിട്ടും ഇത് അന്വേഷിക്കാൻ ആളില്ല. മരം മുറിക്കെതിരെ ജൂണ്‍ 16ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.