ഇന്ന് ലോക പരിസ്ഥിതി ദിനം

കൊച്ചി : ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക പരിസ്ഥിതി ദിനം.പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.എല്ലാ വർഷവും ജൂൺ അഞ്ചിനാണ് ലോക പരസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യലുമാണ് ഇതിന്റെ ലക്ഷ്യം.1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. ‘പുന:സങ്കൽപ്പിക്കുക, പുന:നിർമ്മിക്കുക, പുന:സ്ഥാപിക്കുക’ എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.പരിസ്ഥിതി പുനസ്ഥാപനം’ എന്നും പറയാവുന്നതാണ് .ആവാസവ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്.
കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ കൂടിവരുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതിലൂടെ ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
വികസനത്തിന്റെ പേരിലും മനുഷ്യർ അനിയന്ത്രിതമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ വ്യത്യാനങ്ങളുടെയും തിക്ത ഫലം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രകൃതിയെയും മരങ്ങളെയും സംരക്ഷിക്കുന്നതിന്റെ ചെറിയ ഉദാഹരണങ്ങൾ പോലും ശ്രദ്ധിക്കപ്പെടും. മനുഷ്യന്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വ്യക്തിക്കും ഈ ദിനത്തിലൂടെ മനസിലാകുമെന്ന് പ്രതീക്ഷിക്കാം.