അമേരിക്കയിൽ കറുത്തവർഗ്ഗക്കാരോടുള്ള ക്രൂരത അവസാനിക്കുന്നില്ല...

മിനെപ്പോളിസ്: കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു. 20കാരൻ ഡാന്‍റെ റൈറ്റിനെയാണ് പോലീസ് കൊലപ്പെടുത്തിയത്. മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്‍ററിലെ പോലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്. താൻ പോലീസ് പിടിയിലാണെന്ന് അറിയിക്കാൻ മകൻ തന്നെ വിളിച്ചിരുന്നുവെന്ന് ഡാന്‍റെ റൈറ്റിന്‍റെ അമ്മ ഞായറാഴ്ച പ്രതിഷേധക്കാരോട് പറഞ്ഞു. ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ താഴെ വയ്ക്കാൻ പോലീസുകാർ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടന്ന് ഫോൺ കട്ട് ആയി. നിമിഷങ്ങൾക്കുള്ളിൽ അവന്‍റെ കാമുകി എന്നെ വിളിച്ച് ഡാന്‍റെയെ പോലീസുകാർ വെടിവച്ചുവെന്ന് അറിയിച്ചു. − അമ്മ പറഞ്ഞു.
ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവർക്ക് നേരെ പോലീസ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.