തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വർദ്ധിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വർദ്ധിക്കാൻ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധം തീരുമാനിക്കാൻ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും. വാർഡു തലത്തിലും രോഗപ്രതിരോധ നടപടികൾ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൂട്ടം ചേർന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. അവശ്യമായ വാക്സിൻ കിട്ടിയിട്ടില്ലെങ്കിൽ ക്യാന്പയിൻ ബുദ്ധിമുട്ടിലാകും. അടിയന്തരമായി കേന്ദ്രത്തോട് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.