കടയ്ക്കാവൂർ പോക്സോ കേസ്: ഇരയായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം
കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ ഇരയായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ട് ജയിലിലാണ് അമ്മ നിലവിൽ. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തേ കുട്ടിയുടെ അമ്മയുടെ ജാമ്യത്തെ സർക്കാർ കോടതിയിൽ എതിർത്തിരുന്നതാണ്. അമ്മ കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്, അതിനാൽ ജാമ്യം നൽകരുത് എന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് മകനെ പീഡിപ്പിച്ചുവെന്ന കേസിൽ അമ്മ അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണിത്.
