സി.എ.ജി റിപ്പോര്‍ട്ടിനെതിരേ നിയമസഭയില്‍ പ്രമേയവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാനത്തെ സന്പൂർണ സമ്മേളനം ഇന്ന് അവസാനിക്കും. സിഎജി റിപ്പോർട്ടിനെതിരായ പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നോട്ടീസ് നൽകി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.
സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്യാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തിൽ പറയുന്നു.
സിഎജി റിപ്പോർട്ടിന്റെ 41 മുതൽ 43 വരെയുള്ള പേജിൽ കിഫ്ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തിൽ പറയുന്നു.
